Thursday, August 31, 2006

ജപമാല (സാധാരണ രീതി)

പരിശുദ്ധാത്മാവിനോടുള്ള ജപം
പരിശുദ്ധാത്മാവേ! എഴുന്നുള്ളിവരണമേ. അങ്ങേ വെളിവിന്റെ കതിരുകള്‍ ആകാശത്തിന്റെ വഴിയെ അയച്ചരുളേണമെ. അഗതികളുടെ പിതാവെ, ദാനങ്ങള്‍ നല്‍കുന്നവനെ, ഹൃദയത്തിന്റെ പ്രകാശമേ! എഴുന്നുള്ളിവരണമേ. എത്രയും നല്ല ആശ്വസിപ്പിക്കുന്നവനെ, ആത്മാവിനു മധുരമുള്ള വിരുന്നേ, മധുരമുള്ള തണുപ്പേ, അലച്ചിലില്‍ സുഖമേ, ഉഷ്ണത്തിന്‍ തണുപ്പേ, കരച്ചിലില്‍ സൌര്യമേ, എഴുന്നുള്ളി വരണമേ. എത്രയും ആനന്ദത്തോടുകൂടിയിരിക്കുന്ന പ്രകാശമേ, അങ്ങേ വിശ്വാസികളുടെ ഹൃദയത്തില്‍ ഉള്ളുകളെ അങ്ങു നിറയ്ക്കണമേ, അങ്ങേ വെളുവുകൂടാതെ മനുഷ്യരില്‍ ദോഷമല്ലാതെ ഒന്നുമില്ല. അറപ്പുള്ളതു കഴുകേണമെ, വാടിപ്പോയത് നനയ്കേണമെ, മുറിവേറ്റിരിക്കുന്നത് സുഖപ്പെടുത്തേണമെ, രോഗപ്പെട്ടതു പൊറുപ്പിക്കേണമെ, കടുപ്പമുള്ളത് മയപ്പെടുത്തേണമെ, ആറിപ്പോയത് ചൂടുപിടിപ്പിക്കേണമെ, വഴിതെറ്റിപ്പോയത് നേരെയാക്കണമെ,അങ്ങില്‍ ശരണപ്പെട്ടിരിക്കുന്ന വിശ്വാസികള്‍ക്ക് അങ്ങേ എഴു വിശുദ്ധ ദാനങ്ങള്‍ നല്‍കണമെ. ഭാഗ്യമരണവും പുണ്യയോഗ്യതയും നിത്യാനന്ദവും അവിടുന്ന് ഞങ്ങള്‍ക്ക് കല്പ്പിച്ചരുളേണമെ. ആമ്മേന്‍.

അന്‍പത്തിമൂന്നുമണിജപം
അളവില്ലാത്ത സകല നന്മസ്വരൂപിയായിരിക്കുന്ന സര്‍വ്വേശരാ കര്‍ത്താവേ! നന്ദിഹീനരും പാപികളുമായിരിക്കുന്ന ഞങ്ങള്‍ അറുതിയില്ലാത്ത മഹിമപ്രതാപത്തോടുകൂടിയിരിക്കുന്ന അങ്ങേ സന്നിധിയില്‍ ജപം ചെയ്യാന്‍ അയോഗ്യരായിരിക്കുന്നു. എങ്കിലും അങ്ങേ അനന്തമായ ദയയിന്മേല്‍ ശരണപ്പെട്ടുകൊണ്ട് പരിശുദ്ധ ദൈവമാതാവിന്റെ സ്തുതിക്കായി അമ്പത്തിമൂന്നുമണിജപം ചെയ്യാന്‍ ആശിക്കുന്നു. ഈ ജപം ഭക്തിയോടുകൂടെ ചെയ്തു പലവിചാരം കൂടാതെ തികപ്പാന്‍ കര്‍ത്താവേ, അങ്ങു സഹായം ചെയ്യണമേ!
വിശ്വാസപ്രമാണം. 1 സ്വര്‍ഗ്ഗ.


പിതാവായ ദൈവത്തിന്റെ മകളായിരിക്കുന്ന പരിശുദ്ധ മറിയമേ, ഞങ്ങളില്‍ ദൈവവിശ്വാസമെന്ന പുണ്യമുണ്ടായി ഫലം ചെയ്യുന്നതിന് അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കേണമെ.
1 നന്മ.

പുത്രനായ ദൈവത്തിന്റെ മാതാവായിരിക്കുന്ന പരിശുദ്ധ മറിയമേ, ഞങ്ങളില്‍ ദൈവശരണമെന്ന പുണ്യമുണ്ടായി വളരുന്നതിന് അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കണമേ.
1 നന്മ.

പരിശുദ്ധാത്മാവായ ദൈവത്തിന് ഏറ്റവും പ്രിയമുള്ള പരിശുദ്ധ മറിയമേ, ഞങ്ങളില്‍ ദൈവഭക്തിയെന്ന പുണ്യമുണ്ടായി വര്‍ദ്ധിക്കുന്നതിന് അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കേണമെ.
1 നന്മ. 1 ത്രി.